Press "Enter" to skip to content

നിഴലുകള്‍

നിഴലിനെപ്പേടിയോ നിനക്കും നിലാവേ
പേടിയാണെനിയ്ക്കും !
ശപ്ത തീര്‍ത്ഥങ്ങള്‍ നീന്തികേറിവ-
ന്നെന്നെപ്പിണയുന്ന നിഴലുകള്‍ !
ദുഃഖങ്ങളൊക്കെക്കുടിച്ചു വറ്റി –
ച്ചൊറ്റക്കിരിക്കുന്ന നേരത്തുപോലും
തേരട്ട പോലിഴഞ്ഞെത്തി-
ത്തൊലിപ്പുറത്തൊട്ടുന്ന നിഴലുകൾ
സാംഖ്യ സംവാദങ്ങളിലെപ്പോഴു –
മോര്‍ക്കാപ്പുറത്തെത്തി
ഞെട്ടിച്ചു നില്‍ക്കുന്ന നിഴലുകള്‍ !
സന്ധ്യാവന്ദനം ചെയ്യുന്ന നേരത്തു –
പിന്നില്‍നിന്നെത്തിപ്പുണരുന്ന നിഴലുകള്‍
പൗര്‍ണമി നിലാവിൻറെ മുറ്റത്തു –
ചെടിപ്പടര്‍പ്പില്‍ പ്പേടികളനങ്ങുമ്പോള്‍
ചാടിവീഴുന്ന നിഴലുകള്‍ !
വെളിച്ചത്തുരുത്തിലൊറ്റയ്ക്കൊരാളെത്തിയാല്‍ –
പിമ്പേനടക്കുന്ന നിഴലുകള്‍ !
തക്കത്തിലെത്തി കെട്ടിപ്പിടിയ്ക്കുന്നു
നാളേക്കുവേണ്ടി കരുതിവെച്ചതും –
കവര്‍ന്നു പോകുന്ന നിഴലുകള്‍ !

തമസ്സിൻറെയന്ധ കൂപങ്ങളില്‍
കുടിയിരിക്കുന്നവര്‍
ശാന്തരൂപങ്ങളെ തുറുകണ്ണുകാട്ടി –
തോറ്റിമാറ്റുന്ന നിഴലുകള്‍ !
ഉച്ചവെയിലത്തു മുന്നില്‍ നടക്കുന്ന
കുട്ടി നിഴലുകള്‍ !
തണുപ്പുതേടുന്ന പഥികൻറെ
മുന്നിലൂടുരിമണലില്‍ മറയുന്ന നിഴലുകള്‍ !

സായന്തനങ്ങളോടോത്തു നീളുന്നവര്‍ –
ഇരുളില്‍ പതുങ്ങി നില്‍ക്കുന്നവര്‍
വിളക്കുകത്തിച്ചാലോടിവന്നെന്നെ –
പ്പേടിയാക്കുന്ന ദുഷ്ട നിഴലുകള്‍ !
“നിഴലിനെ നോക്കി കളിയ്ക്കരുതത്
മൃത്യുവിന്‍ പ്രതി രൂപ”മെന്നമ്മ ചൊല്ലി
പ്പഠിപ്പിച്ച ശൈശവം.

മരണം കൊണ്ടുനടക്കുന്ന ശാപനിഴലുകള്‍ !
എന്നെ പിരിയാതെൻറെ ചുറ്റിലു –
മോടിക്കളിയ്ക്കുന്ന നിഴലുകള്‍ !
സുര്യപ്രകാശത്തിനൊപ്പം പുലരിയില്‍
മുറ്റത്തു കുത്തിയിരിക്കുന്ന നിഴലുകള്‍ !
കോലായില്‍ കുതികാലില്‍നിന്നെന്നെ
കൊഞ്ഞണം കുത്തുന്ന നിഴലുകള്‍ !

എന്നോടൊപ്പം ജനിച്ച കറുത്ത നിഴലുകള്‍ !
മരിച്ചിട്ടുമൊഴിയാതെ പിമ്പേ നടക്കുന്ന –
പരേത നിഴലുകള്‍ !
ചുവരില്‍പിടിച്ചുകയറുന്ന കുഞ്ഞന്‍ നിഴലുകള്‍ !
തൊട്ടാലറയ്ക്കുന്ന കറുത്തനിഴലുകള്‍ !
സ്വപ്നത്തിനൊപ്പം കിതയ്ക്കുന്ന നിഴലുകള്‍ !
നിദ്രയില്‍ നീന്തിവന്നെത്തുന്ന നിഴലുകള്‍
ശ്യാമഗേഹങ്ങളില്‍ പുളയ്‌ക്കുന്ന നിഴലുകള്‍ !
വ്യഥകളായ്പ്പടരുന്ന നിഴലുകള്‍ !
മുഖം മൂടിവെച്ചെത്തി –
ത്തീനാളത്തിനൊപ്പം തുള്ളിക്കളിക്കുന്ന നിഴലുകള്‍ !

പുല്ലണി പാടത്തു കൗതുക
പ്പച്ചയ്ക്ക് പോയ്‌ മടങ്ങേ
തെച്ചിപ്പടര്‍പ്പില്‍ വച്ചുമ്മതന്ന-
തൊളിഞ്ഞുനോക്കി ചിരിച്ചതും നിഴലുകള്‍ !
പ്രണയാതുരമൊരു രാവിനെ
കൊന്നതും കരിനിഴല്‍!
കണ്‍ മിഴിച്ചെന്നെനോക്കും
വൃദ്ധ നക്ഷത്രമൊന്നിനെ
പാടേ മറച്ചതും നിഴലുകള്‍ !

വയ്യെനിക്കിനിയീ നിഴലുകള്‍ക്കൊപ്പം!
വെളിച്ചങ്ങളെല്ലാമൂതിക്കെടുത്തി
മുറിയടച്ചിരുപ്പാണു ഞാന്‍
മറുകരകാണാത്തൊരിരുളിന്‍കയത്തില്‍
നിഴലിനെ പേടിയാണെനിക്കും നിലാവേ
പേടിയോ നിനക്കും!

–എം മോഹന്‍ദാസ്‌–

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *