Press "Enter" to skip to content

ചെരിപ്പിനെ സ്നേഹിച്ച കുട്ടി

Photo: SKN ACHARI

ഇത് അമ്പതിലേറെ വര്‍ഷങ്ങള്‍ക്കു മുമ്പ്, മലയാള നാടിന്‍റെ ശാന്തസുന്ദരമായ നാട്ടിന്‍പുറത്തെവിടെയോ   ജീവിച്ചിരുന്ന ഒരു അഞ്ചാം ക്ലാസ്സുകാരന്‍റെ കഥയാണ്. കവി കുറിച്ചിട്ടപോലെ നാട്ടിപുറങ്ങള്‍ അക്കാലത്തു നന്മകളാല്‍ സമൃദ്ധം ആയിരുന്നുവെങ്കിലും, അടിസ്ഥാന സൌകര്യങ്ങള്‍ പരിമിതമായിരുന്നു. വാഹന യോഗ്യമായ വഴികളില്‍ എത്താന്‍ മൈലുകള്‍ കാല്‍നടയായി യാത്ര ചെയ്യേണ്ടിയിരുന്നു. ആ വഴികളിലൂടെ വല്ലപ്പോഴും മാത്രം വാഹനങ്ങള്‍ ഓടി. അതിനാല്‍  അഞ്ചാറു മൈല്‍ അകലെയുള്ള  സര്‍ക്കാര്‍ പള്ളിക്കൂടത്തിലെത്താന്‍ നടക്കുകയല്ലാതെ മറ്റൊരു മാര്‍ഗവും ആ ബാലന്‍റെ മുന്നില്‍ ഉണ്ടായിരുന്നില്ല. കാരമുള്ളുകളും, കല്‍ച്ചീളുകളും,  കുപ്പിച്ചില്ലുകളും  ചിതറിക്കിടന്ന ഇടുങ്ങിയ നാട്ടുവഴികളിലൂടെ അവന്‍ സ്കൂളിലേക്കും തിരിച്ചും നടന്നു.

അവനു പാദരക്ഷകള്‍ ഇല്ലായിരുന്നു  എന്നത് പരുക്കന്‍ വഴികളിലൂടെയുള്ള അവന്‍റെ യാത്ര പലപ്പോഴും ദുസ്സഹമാക്കി. വളരെ ചുരുക്കം ആളുകള്‍ക്കു  മാത്രമേ അക്കാലത്തു പാദരക്ഷകള്‍ ഉണ്ടായിരുന്നുള്ളൂ.  ഗ്രാമങ്ങളിലും,  ചെറു നഗരങ്ങളിലും മിക്കവരും നഗ്നപാദരായി നടന്നു.  അവന്‍റെ സഹപാഠികളില്‍  ഒന്നോ, രണ്ടോ  കുട്ടികള്‍ മാത്രമായിരുന്നു  ചെരിപ്പുകള്‍ ധരിച്ചു വന്നിരുന്നത്.  ചെരിപ്പിട്ടു പത്രാസ്സില്‍ നടന്നിരുന്ന ആ കുട്ടികളെ  അവനുള്‍പ്പെട്ടു നിന്ന  ചെരിപ്പില്ലാഞ്ഞ മഹാഭൂരിപക്ഷം  കൊതിയോടെയും, അസൂയയോടെ നോക്കി. തനിക്കും ഒരു ജോഡി  ചെരിപ്പുണ്ടായിരുന്നെങ്കില്‍ എന്ന് അവന്‍ കലശലായി ആഗ്രഹിച്ചു. പക്ഷേ അങ്ങനെ ഒരു ആഡംബരം തങ്ങളുടെ കുട്ടിക്ക് ആവശ്യമാണെന്ന് അവന്‍റെ മാതാപിതാകള്‍ക്കു തോന്നിയില്ല. അഥവാ അവര്‍ക്ക് അങ്ങനെ തോന്നിയിരുന്നെങ്കിലും  അത്തരത്തില്‍ ‘ദുര്‍വിനിയോഗം’ ചെയ്യാനുള്ളത്ര പണം അവരുടെ പക്കല്‍ ഉണ്ടായിരുന്നില്ല.

അവധിക്കാല ട്യൂഷന്‍ ക്ലാസുകളും, എന്ട്രന്‍സ് കോച്ചിംഗ് സ്ഥാപനങ്ങളും ഇല്ലാതിരുന്ന ആ കാലത്ത്   മിക്ക സ്കൂള്‍കുട്ടികളും തങ്ങളുടെ മദ്ധ്യവേനലവധിക്കാലം അകലെയുള്ള ബന്ധു വീടുകളില്‍ ചിലവഴിക്കയായിരുന്നു പതിവ്. ഇപ്രകാരം വിരുന്നു പോകാന്‍ കുട്ടികള്‍ കൊതിയോടെ  കാത്തിരുന്നു. ആ വര്‍ഷത്തെ അവധി ആഘോഷിക്കാന്‍ നമ്മുടെ കഥാനായകന്‍ പോയത് പട്ടണത്തില്‍ താമസമാക്കിയിരുന്ന അവന്‍റെ  ഒരു ബന്ധുവിന്‍റെ വീട്ടിലേക്കായിരുന്നു. പട്ടണത്തില്‍  പലതും ആ ഗ്രാമീണ ബാലനു പുതുമയായിരുന്നു. അവയില്‍ ഒന്നായിരുന്നു  അവന്‍ അതിഥിയായി എത്തിയ  വീട്ടില്‍  എല്ലാവരും ചെരിപ്പു ധരിച്ചാണ് നടന്നിരുന്നു എന്നത്. ഓരോരുത്തര്‍ക്കും പല ജോഡി ചെരിപ്പുകള്‍.

അവനെക്കാള്‍ അല്‍പ്പം മുതിര്‍ന്ന ഒരു കുട്ടിയായിരുന്നു അവന്‍ അതിഥിയായി എത്തിയ വീട്ടിലെ അവന്‍റെ ചങ്ങാതി. ഒരു ദിവസം കല്ലു പാകിയ  മുറ്റത്തു കളിച്ചു കൊണ്ടിരുന്നപ്പോള്‍ അവനു ചെരിപ്പില്ല എന്ന സത്യം ആ കുട്ടി ശ്രദ്ധിച്ചു.  കളി നിര്‍ത്തി അവന്‍ വീട്ടിനകത്തേക്കോടി. അല്‍പ്പം കഴിഞ്ഞ്   കയ്യില്‍ ഒരു ജോഡി റബ്ബര്‍ ചെരിപ്പുകളുമായിട്ടായിരുന്നു അവന്‍ മടങ്ങിവന്നത്.  ചെരിപ്പിനെ സ്വപ്നം കണ്ടിരുന്ന ആ ബാലന്‍റെ മുന്നിലേക്ക് അവന്‍ അവയെ ഇട്ടു.  അവന്‍ അവയെ നോക്കി.  ഉപയോഗിച്ച ശേഷം  ഉപേക്ഷിച്ചവ ആയിരുന്നിരിക്കണം അവ.  അവയുടെ ഉപ്പൂറ്റി ഭാഗം  തേഞ്ഞു തടങ്ങളായി മാറിയിരുന്നു.  അവന്‍ ആ ചെരിപ്പു തന്‍റെ കാലില്‍ ഇടാന്‍ ശ്രമിച്ചു.   അവ ഇറുക്കമായിരുന്നു.  അല്‍പ്പം പണിപ്പെട്ട് അവന്‍ ആ  ചെരിപ്പുകള്‍ക്കുള്ളിലേക്ക്  തന്‍റെ പാദങ്ങള്‍ തിരുകിക്കയറ്റി.  അവയുടെ അടിഭാഗം അവന്‍റെ പാദങ്ങളേക്കാള്‍ അല്‍പ്പം ചെറുതായിരുന്നു.  ഉപ്പൂറ്റിയുടെ പിന്‍ഭാഗം അല്‍പ്പം ചെരിപ്പിനു വെളിയില്‍ കിടന്നു. പക്ഷേ ആ ചെരിപ്പുകള്‍ പഴയതാണെന്നോ, അവ തനിക്കു പാകമല്ലെന്നോ എന്നൊന്നും അവന്‍  ഗൗനിച്ചില്ല. ആദ്യമായി ചെരിപ്പിടാന്‍ കഴിഞ്ഞതിന്‍റെ ആവേശത്തില്‍ അവന്‍ പതിയെ ചുവടുകള്‍വെച്ചു. കല്ലും മുള്ളും കുത്തി നോവിക്കാറുണ്ടായിരുന്ന അവന്‍റെ പാദങ്ങളില്‍ അന്നാദ്യമായി  നനുത്ത റബറിന്‍റെ സുഖമുള്ള പതുപതുപ്പ്.

ജീവിതത്തില്‍ ആദ്യമായി ലഭിച്ച  ചെരിപ്പിനു കൂടുതല്‍ കേടുപാടുകള്‍  വരുത്താന്‍ അവന്‍ ഇഷ്ടപ്പെട്ടില്ല. അതിനാല്‍ അല്‍പ്പം നടന്ന ശേഷം  അവന്‍ ആ  ചെരിപ്പുകള്‍ ഊരിയെടുത്തു. തൊടിയിലെ  പൈപ്പിലെ വെള്ളത്തില്‍ അവന്‍ അവയെ കഴികി വൃത്തിയാക്കി; വെയിലത്തു വെച്ച് ഉണക്കി. പിന്നീട് അവന്‍ അതിനെ ഒരു പഴയ പത്രക്കടലാസ്സില്‍ പൊതിഞ്ഞു ഭദ്രമായി സൂക്ഷിച്ചു വെച്ചു. സ്കൂള്‍ തുറക്കുന്ന ദിവസം അവ  ധരിച്ചുകൊണ്ടു പോയി അവന്‍റെ സഹപാഠികള്‍ക്ക് മുന്‍പില്‍ ഒന്നു ഷൈന്‍ ചെയ്യണം  എന്നതായിരുന്നു അവന്‍റെ സ്വപ്നം. അവധിക്കാലം അവസാനിക്കാതിരുന്നെങ്കില്‍ എന്ന് അന്നുവരെ കൊതിച്ച ആ കുട്ടി,  സ്കൂള്‍ അടുത്ത പ്രഭാതത്തില്‍ത്തന്നെ തുറന്നെങ്കില്‍ എന്ന് ആശിച്ചു.

എന്നാല്‍ ആ  ചെരിപ്പു നല്‍കിയ ത്രസിപ്പിക്കുന്ന  സ്വപ്നങ്ങല്‍ക്കിടയിലും തന്‍റെ പാദങ്ങള്‍ അവയേക്കാള്‍ വലുതാണല്ലോ എന്ന ചിന്ത അവനെ വിട്ടുമാറിയില്ല. അല്‍പ്പം വലിപ്പം കുറഞ്ഞ ചെരിപ്പുകള്‍ അണിഞ്ഞു നടക്കുന്നതിന്റെ പ്രയോജനങ്ങള്‍ കണ്ടെത്താന്‍ അവന്‍ ഒരു ശ്രമം നടത്തി. പക്ഷേ അവന്‍ കണ്ടെത്തിയവ അവനുപോലും ബോദ്ധ്യപ്പെട്ടില്ല.  ചെരിപ്പിന്‍റെ വലിപ്പം കൂട്ടാന്‍ കഴിയില്ല എന്നത് ഉറപ്പായിരുന്നതിനാല്‍  പാദങ്ങളുടെ വലിപ്പം കുറയ്ക്കാന്‍ ആവുമോ എന്നതായി അവന്‍റെ ചിന്ത.  ലോകം ഗാഡനിദ്രയിലാണ്ട നിശകളുടെ നിശ്ശബ്ദതയില്‍  അവന്‍ നിദ്രാഹീനനായി  കിടക്കയില്‍ തിരിഞ്ഞു. ഇടയ്ക്കിടെ എഴുന്നേറ്റ് പാദങ്ങളുടെ വലിപ്പം കുറയ്ക്കാനായി അവന്‍  തന്‍റെ ഉപ്പൂറ്റികളെ ക്രൂരമായി  ഉറച്ച സിമന്‍റു തറയില്‍ ഇടിച്ചു.  നേരം പുലര്‍ന്നപ്പോള്‍ അവന്‍ രഹസ്യമായി പൊതിയഴിച്ചു ചെരിപ്പെടുത്ത്  ഇട്ടു നോക്കി, രാത്രിയിലെ സാഹസങ്ങള്‍ ഗുണം ചെയ്തോ എന്നു പരിശോധിച്ചു.    അവന്‍റെ പ്രയത്നങ്ങള്‍ പാദങ്ങളെ ചെറുതാക്കി എന്നവന്‍ വെറുതെ വിശ്വസിക്കാന്‍ ശ്രമിച്ചു.   ഒടുവില്‍ ആ പഴയ  പാദരക്ഷകളും ഒരുപിടി മോഹങ്ങളുമായി  അവന്‍ സ്വന്തം ഭവനത്തിലേക്ക്‌ മടങ്ങി.

അവധിക്കാലം  കഴിഞ്ഞു സ്കൂളുകള്‍ തുറന്നു. പുതിയ അദ്ധ്യയന വര്‍ഷത്തിന്‍റെ ആദ്യ ദിവസം രാവിലെ  അവന്‍ പൊന്നുപോലെ സൂക്ഷിച്ചു വെച്ചിരുന്ന  കടലാസ്സുപൊതിയഴിച്ച് പാദരക്ഷകള്‍ പുറത്തെടുത്തു. അവ അണിഞ്ഞശേഷം അവന്‍ പാദങ്ങളിലേക്ക് നോക്കി.  ആ പാദങ്ങള്‍ക്ക്  കാണത്തക്ക വലിപ്പക്കുറവൊന്നും സംഭവിച്ചില്ല എന്ന പരമാര്‍ത്ഥം അവന്‍ ഗ്രഹിച്ചു. എങ്കിലും അതൊന്നും വകവെയ്ക്കാതെ ഗമയില്‍ അവന്‍  സ്കൂളിലേക്കു നടന്നു. ആളുകള്‍ തന്‍റെ ചെരിപ്പിട്ട പാദങ്ങളെ ശ്രദ്ധിക്കുന്നുണ്ടോ എന്നറിയാന്‍ അവന്‍ ഇടയ്ക്കിടെ  ഒളികണ്ണിട്ടു ചുറ്റും നോക്കി. എന്നാല്‍ അവന്‍റെ ചെരിപ്പുകള്‍ സമൂഹത്തില്‍ കാര്യമായ ചലനങ്ങള്‍ ഒന്നും സൃഷ്ടിച്ചതായി കണ്ടില്ല. അത്  ആരംഭത്തിലെ ആവേശത്തെ അല്‍പ്പം തണുപ്പിച്ചുവെങ്കിലും സ്കൂളിലെത്തുമ്പോള്‍   സ്ഥിതി വ്യത്യസ്ഥമായിരിക്കും എന്നുള്ള പ്രത്യാശയില്‍ അവന്‍ ഉത്സാഹം കൈവിടാതെ മുന്നോട്ടു നീങ്ങി.

പാതി വഴി പിന്നിട്ടപ്പോഴേക്കും പാദങ്ങള്‍ക്കു മുകളില്‍ ചെരിപ്പിന്‍റെ വള്ളികള്‍ മുറുകിക്കിടന്നിടത്തു വല്ലാത്ത വേദന. അധികം വൈകാതെ അവിടം കലശലായി നീറാന്‍ തുടങ്ങി. ആ നീറ്റല്‍ കാലുകളിലൂടെ  മുകളിലേക്കും പ്രസരിച്ചുകൊണ്ടിരുന്നു. അതൊന്നും ഗൌനിക്കാതെയും,  ഗൌരവം കൈവിടാതെയും അവന്‍ നടപ്പു തുടര്‍ന്നു.   സ്കൂളിലെത്തിയ അവന്‍ ചുറ്റുപാടും പ്രതീക്ഷയോടെ  കണ്ണോടിച്ചു.  പോയ വര്‍ഷം അവനോടൊപ്പം ക്ലാസ്സില്‍ ഉണ്ടായിരുന്ന പലരും അവിടവിടെ കൂടി നിന്നു സംസാരിക്കുന്നു. അവര്‍ അവധിക്കാല വിശേഷങ്ങള്‍ പങ്കു വെയ്ക്കുകയായിരുന്നിരിക്കാം.  സഹപാഠികളെ  അറിയാം എന്നല്ലാതെ, ആഴമായ സുഹൃത്ബന്ധങ്ങള്‍ അവനുണ്ടായിരുന്നില്ല.  കുട്ടികളില്‍ പലരും   അവനെ കണ്ടതായി ഭാവിച്ചില്ല. ക്ലാസ്സിലെ ഏറ്റവും സമര്‍ഥനായ വിദ്യാര്‍ഥി എന്നതിനാല്‍ പലര്‍ക്കും അവനോടു കാര്യമായ അടുപ്പം ഒന്നും ഉണ്ടായിരുന്നില്ല. ചുരുക്കം ചിലര്‍ അവനെ നോക്കി പുഞ്ചിരിക്കാന്‍ ശ്രമിച്ചു.  പക്ഷേ ഒരാളുപോലും  അവന്‍റെ ചെരിപ്പിനെ ശ്രദ്ധിക്കുകയോ, അടുത്തു വന്ന് അതിന്‍റെ വിശേഷം അന്വേഷിക്കുകയോ ചെയ്തില്ല.

പാദങ്ങളിലെ നീറ്റല്‍ കലശലായിക്കൊണ്ടിരുന്നു. അവനു കരച്ചില്‍ വരുന്നുണ്ടായിരുന്നു. ഒരുവിധത്തില്‍ കരച്ചിലും വേദനയും അടക്കി പാദങ്ങള്‍ നിലത്തിഴച്ച്  അവന്‍ ക്ലാസ്സിനെ ലക്ഷ്യമാക്കി നീങ്ങി. നടപ്പിന്‍റെ അസ്വാഭാവികത  ചില കുട്ടികളുടെ ശ്രദ്ധയെ അവന്‍റെ പാദങ്ങളിലേക്ക് തിരിക്കാന്‍ സഹായിച്ചിരിക്കണം. ചിലരെങ്കിലും  അവനെ സഹതാപത്തോടെ നോക്കിയിരിക്കാം. പലരും അവനെ കളിയാക്കി ചിരിച്ചിരിക്കാം.  ഒരു വിധത്തില്‍ അവന്‍ ക്ലാസിനുള്ളില്‍ കടന്ന്  തന്റെ ബഞ്ചില്‍ ഇരുന്നു.

മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കാതെ കാലുകള്‍ കുടഞ്ഞു  തന്‍റെ പാദങ്ങളെ പാദരക്ഷയില്‍ നിന്നു മോചിപ്പിക്കാന്‍  അവന്‍ ശ്രമിച്ചു. അവ വല്ലാതെ മുറുകിക്കിടന്നതിനാല്‍ ആ ഉദ്യമം വിജയിച്ചില്ല. ഒടുവില്‍ കുനിഞ്ഞു കൈകൊണ്ട്  അവയെ വലിച്ചൂരി. വലിയ ആശ്വാസം തോന്നി. കാല്‍കൊണ്ട്  അവന്‍ അവയെ ബഞ്ചിനടിയിലേക്ക് നീക്കിയിട്ടു. പാദങ്ങളിലെ നീറ്റല്‍ അടങ്ങിയില്ല.  ചെരിപ്പിന്‍റെ വള്ളി മുറുകിക്കിടന്നിടത്തു അവന്‍ മൃദുവായി കൈവിരലുകള്‍ ഓടിച്ചു. പലയിടത്തും തൊലി ഉരഞ്ഞുപോയിരുന്നതിന്‍റെ നനവ്. തൊട്ടപ്പോള്‍ നീറ്റല്‍ മിന്നല്‍പ്പിണര്‍ പോലെ കാലിലേക്കു കത്തിക്കയറി. വേദന കടിച്ചുപിടിച്ച് അവന്‍ ഇരുന്നു. ക്ലാസ്സി ല്‍   ശ്രദ്ധിക്കാന്‍ അവനു കഴിഞ്ഞില്ല. ഇടവേളകളില്‍ അവന്‍  ക്ലാസ്സിനു പുറത്തിറങ്ങിയില്ല.  ഉച്ചകഴിഞ്ഞതോടെ അവന്‍റെ പാദങ്ങളിലെ അസ്വസ്ഥതകള്‍ കുറയൊക്കെ ശമിച്ചു.

വൈകുന്നേരം സ്കൂള്‍ വിടാനുള്ള മണി മുഴങ്ങി. നോട്ടുബുക്കുകളും, പാഠപുസ്തകങ്ങളും വാരിയെടുത്തുകൊണ്ട് അവന്‍ ക്ലാസ്സിനു പുറത്തിറങ്ങി. സ്കൂളിന്‍റെഗേറ്റുകടന്ന് അവന്‍ വീടിനെ ലക്ഷ്യമാക്കി വേഗത്തില്‍ നടന്നു. നാട്ടു വഴിയിലെ മുള്ളുകളും,  മുനയന്‍ കല്ലുകളും പതിവുപോലെ അവന്‍റെ പാദങ്ങളില്‍ തറച്ചു കയറുന്നുണ്ടായിരുന്നു. പക്ഷേ അതൊന്നും അവന്‍ ശ്രദ്ധിച്ചില്ല. നാട്ടുവഴികളുടെ നൊമ്പരങ്ങള്‍ അവനു ശീലമായിക്കഴിഞ്ഞിരുന്നു.

ഇടവഴി തിരിഞ്ഞ് അവന്‍ വീടിന്‍റെ പറമ്പിലേക്ക് കയറി. മുറ്റത്ത് അവന്‍റെ വരവും കാത്ത് പതിവുപോലെ അവന്‍റെ അമ്മയുണ്ടായിരുന്നു. രണ്ടുപേരും പരസ്പരം നോക്കി പുഞ്ചിരിച്ചു. അവന്‍ അടുത്തെത്തിയപ്പോള്‍ അമ്മ അവന്‍റെ പാദങ്ങളിലേക്കു നോക്കി. എന്നിട്ട് അവനോടു ചോദിച്ചു, “മോനേ, നീ രാവിലെ ഇട്ടോണ്ടുപോയ ചെരിപ്പെവിടെ?” അവന്‍ കുനിഞ്ഞ് തന്‍റെ നഗ്ന പാദങ്ങളെ നോക്കി.  അമൂല്യമെന്ന് അവന്‍ വിശ്വസിച്ചിരുന്ന  ആ ചെരിപ്പുകള്‍ അങ്ങകലെ സര്‍ക്കാര്‍ സ്കൂളിലെ ഒരു  പഴഞ്ചന്‍ ബഞ്ചിനടിയിലെ പൊടിയില്‍ ഉപേക്ഷിക്കപ്പെട്ടു  കിടക്കയായിരുന്നു  എന്ന സത്യം  അവന് അറിയാമായിരുന്നു. പക്ഷേ ആ സത്യം അവനെ ദുഖിപ്പിച്ചില്ല. അവന്‍ തല പൊക്കി അമ്മയുടെ മുഖത്തേക്കു നോക്കി. എന്നിട്ട് ഒരക്ഷരം പോലും ഉരിയാടാതെ  വീട്ടിനുള്ളിലേക്കു കയറിപ്പോയി.

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *