വേനലവധിക്കാലത്തിന്റെ നിറമെന്താണ് ?
അത് മഞ്ഞയല്ലാതെന്ത്… വെറും മഞ്ഞയല്ല നല്ല മധുരമൂറും മഞ്ഞ.
ഒന്ന് ഓര്‍ത്തുനോക്കിക്കേ….
പുളിക്കുന്ന കണ്ണിമാങ്ങാക്കാലം പരീക്ഷക്കാലമായിരുന്നെങ്കില്‍ അവധിക്കാലം മധുരപ്പഴക്കാലം തന്നെയല്ലേ. അതുകൊണ്ടുതന്നെ ആ അവധിക്കാലത്തെ സ്വപ്നങ്ങളില്‍ കൊഴിഞ്ഞുവീഴുന്ന മാമ്പഴവും കുത്തിയിടുന്ന തേന്‍വരിക്കയും നിറഞ്ഞുനിന്നിരുന്നു. “ഒരു വലിയ കാറ്റിങ്ങ് അടിച്ചെങ്കില്‍… തുരുതുരാന്നിങ്ങ് വീണേനെ” എന്ന് കൊതിയോടെ മാവില്നോക്കി പറയാത്തവര്‍ ചുരുക്കമായിരുന്നില്ലേ.
ചിലത് പഴുത്തുവീണത് പെറുക്കുന്നതായിരുന്നു ആവേശമെങ്കില്‍ മറ്റുചിലത് കേറി പറിക്കുന്നതുതന്നെയായിരുന്നു ആവേശം. മാമ്പഴവും അമ്പഴവും ഇലഞ്ഞിപ്പഴവും പെറുക്കിയെടുത്തപ്പോള്‍ അത്തിയും ആത്തയും ആഞ്ഞിലിച്ചക്കയും പറിച്ചെടുക്കാന്‍ തിരക്കുകൂട്ടി.
രുചി മറന്ന “കുട്ടി” ചക്കയുടെ വിളവെടുപ്പ് തന്നെയാണ് ഇവിടെ എടുത്തുപറയേണ്ടത്.. അതില്‍ കുസൃതിയുണ്ടായിരുന്നു ഒത്തൊരുമയുണ്ടായിരുന്നു കഠിനാധ്വാനമുണ്ടായിരുന്നു. പഴുത്തു വീണാലും കൊള്ളില്ല പറിച്ചിടാനും കഴിയില്ല എന്നപ്രത്യേകത രംഗം കൂടുതല്‍ ആസ്വാദ്യകരമാക്കിയിരുന്നു. അതൊന്നോര്ത്തെടുത്താലോ?
**************
അപ്പുറത്തെ വീട്ടിലെ ചേട്ടന്മാര് ആഞ്ഞിലിച്ചക്ക പറിക്കാന്പോകുന്നു എന്ന അവ്യക്തമായ വാര്ത്തകേട്ടാവും ഉണരുകതന്നെ. പല്ല് “തേമ്പി”യാലായി ഇല്ലേലായി പിന്നെ ആളെ കൂട്ടാനുള്ള തിരക്കിലാണ്. “ഡാ… വരുന്നില്ലേ… അങ്ങേലെ ചേട്ടന്മാര് അവിടെ … ആഞ്ഞിലിയേക്കേറാന് പോകുന്നു…” എന്ന് കളിക്കൂട്ടുകാരോടും വിളിച്ചുപറയുന്നുണ്ട് .
ഒറ്റ ഓട്ടമാണ് പിന്നെ; അങ്ങേ വീടിന്റെ അതിരിലെ മൂലക്ക് നില്ക്കുന്ന ആഞ്ഞിലിമരം ലക്ഷ്യമാക്കി.
അവിടെ ചെന്നപ്പോള്‍ ഒരുക്കങ്ങള്‍ നടക്കുന്നേയുള്ളൂ. നെടുനീളന്‍ തോട്ടി കെട്ടലാണ് ആദ്യ വെല്ലുവിളി. കഴകളെ കൂട്ടിക്കെട്ടുന്നതാവട്ടെ വാഴ നാടയും പഴകിയ ഇഴക്കയറും ചേര്‍ത്താണ്. അതും പലരായി കൊണ്ടുവന്നത്. വരിഞ്ഞുമുറുക്കി കെട്ടാന്‍ പ്രത്യേക കഴിവുള്ളവര്‍ അതിനിടയില്‍ തന്നെയുണ്ട്. “ഞാന്‍ കെട്ടിയാല്‍ അഴിയില്ല… അതൊരൊന്നൊന്നര കെട്ടാ “ എന്ന് ചിലരുടെ ഗമ പറച്ചിലും ഇടക്ക് കേള്‍ക്കാം എന്നാലും അവര്‍ ആ പണി വെടിപ്പായി ചെയ്തുതീര്‍ക്കും.
എടുത്തുയര്‍ത്തുമ്പോള്‍ ഒടിഞ്ഞുവീഴുന്ന നെടുനീളന്‍ തോട്ടിയില്നിന്നാണ് നീളവും വണ്ണവും തമ്മിലുള്ള അനുപാത പിശക് പലരും ആദ്യം പഠിച്ചത്.
വള്ളിക്കൊട്ടയിലോ ഈറകൊട്ടയിലോ ഇലമെത്ത വിരിക്കുന്നതാണ് അടുത്ത ജോലി. തോട്ടികൊണ്ട് പിരിച്ചിടുമ്പോള് നിലംപതിക്കാതെ പിടിക്കാനുള്ള മാര്‍ഗ്ഗമാണിത്. ചണച്ചാക്കും കട്ടിതുണിയും ചിലപ്പോള്‍ ഇതിനായി ഉപയോഗിച്ചിരുന്നു.
ഏറ്റവും കൂടുതല്‍ പഴികേള്‍ക്കേണ്ടിവരുന്നതും കൊട്ട പിടിക്കുന്നവര്‍ തന്നെ. ദിശമാറി വന്നാലും ഓടി ചാടി ചക്ക കുട്ടയിലാക്കുക എന്നത് അത്ര നിസ്സാരകാര്യമല്ല. കുട്ടക്കും കൈക്കും ഇടയില്‍ വെച്ച് എത്ര സുന്ദരന്‍ ചക്കകളാ താഴെ വീണുടഞ്ഞുപോയത്.
“അയ്യോ പോയി “ എന്ന് പറയും മുമ്പേ തന്നെ ചക്ക ചള്ളോന്ന് വീണിരിക്കും. “ഹൊ നല്ല ഒന്നാന്തരം ചക്കയാരുന്നു “ എന്ന് ആത്മഗതം പറഞ്ഞ് വീണുകിടക്കുന്ന ചക്കയെ കുത്തിപ്പൊക്കിഎടുത്ത് രണ്ട് ചുള വായിലേക്കിട്ട് വിഷമം മറക്കുന്നവരേം കാണാമായിരുന്നു.
കളിക്കൂട്ടുകാര്‍ക്കിടയില്‍ മരം കേറാനറിയുന്നവന് ശരിക്കും ഹീറോ തന്നെയായിരുന്നു. അവര്‍ മരക്കൊമ്പിലിരുന്നു തന്നെ ആദ്യത്തെ മുഴുത്ത ചക്കകള്‍ തിന്നു തുടങ്ങും. അതുകണ്ട് കൊതിമൂത്ത് താഴെ കുട്ടയുമായി നില്ല്കുന്നവര് ബഹളം വെക്കുമ്പോള്‍ അവര്‍ക്കുള്ളത് പിറിച്ച് ഇട്ടുകൊടുക്കും.
“ഹോ മരം കേറാനറിയുമായിരുന്നെങ്കില് എന്തെളുപ്പമാരുന്നു” എന്നത് മറ്റുള്ളവരുടെ അക്കാലത്തെ അത്മഗതമോ സ്വപ്നമോ ആയിരുന്നു. (“മരംകേറി” എന്ന പ്രയോഗം എന്നാണാവോ മോശമായി തുടങ്ങിയത് എന്നറിയില്ല )
ഒരു ചുളപോലും പോകാതെ തൊലിമാറ്റി അതുകാണിച്ച് മറ്റുള്ളവരുടെ വായില്‍ വെള്ളമൂറിക്കുന്നവരേം ചുളയെല്ലാം തീര്ന്നുകഴിഞ്ഞ് വിഷമത്തോടെ ചക്കപൂഞ്ഞ് നക്കുന്നവരേം ഇടക്ക് കാണാം.
അധ്വാനത്തില്‍ പങ്കെടുക്കാതെ കാഴ്ചക്കാരായി നില്ക്കുന്ന കുഞ്ഞ് അനിയന്മാര്ക്കും പെങ്ങമ്മാര്കും നോക്കുകൂലി എന്ന മട്ടില്‍ കുറച്ച് ചക്ക എറിഞ്ഞുകൊടുക്കാന്‍ ഇക്കൂട്ടര്‍ മറക്കാറുമില്ല. കൊതി തീര്‍ന്നില്ലേലും പല്ലുപോലും തേക്കാതെ ഓടി ചെന്നതിന് പ്രയോജനമുണ്ടായല്ലോ എന്ന ആശ്വാസത്തില്‍ മടങ്ങും.
അങ്ങനെ ഓര്‍മ്മകള്‍ ചക്കച്ചുളപോലെ തിങ്ങി നിറഞ്ഞിരിക്കുന്നു.
Be First to Comment